Pages

Thursday 9 May 2013

പലതിൽ നിന്നും പകലിലേക്ക്

മഴ നിറഞ്ഞൊഴുകും ദിനാന്ത്യങ്ങളിൽ
രാത്രിയുദിക്കും ഇടവേളകളിൽ
അസ്തമയ സൂര്യന്റെ ചൂടിനായി കേഴുന്ന
അനാഥ ജീവിത സ്പന്ദനം നീ
കനത്തയിരുട്ടിൻ മറ നീക്കി
വന്നെത്തുമാ ചന്ദ്രകിരണങ്ങളാൽ
പുളകമിട്ടൊഴുകും നദീതട പായയിൽ
കാത്തിരിപ്പിൻ ലഹരി മോന്തി
ഒരിറ്റു കണ്ണീരിനുപ്പ്  രുചിക്കുവാൻ
വെമ്പുന്ന ജീവിത സ്പന്ദനം നീ

ദൂരെ തിളങ്ങുന്ന കണ്ണുമായി നിൽക്കുന്ന
പ്രകാശഗോപുരം കണക്കയീ ജീവിതം
ഇരുളിൻ മറവിൽ നിനക്കാ  ലക്‌ഷ്യം വിദൂരം
ഇരുൾ മാറിയാലതപ്രാപ്യം
മിന്നിയും കെട്ടും കൊതിപ്പിക്കുന്നവ
ലക്ഷ്യത്തിൽ പറന്നു ചേർന്നീടുവാൻ
അവിടെത്ത്യോർ പിന്നെയും പറക്കാൻ കൊതിക്കവേ
കാണുന്നു  ചില ചിറകറ്റ ഹൃദയങ്ങൾ
കരയിൽ  കിടന്നു തേങ്ങുന്ന കാഴ്ച്ചകൾ

പുഴയിലെ ഓളങ്ങൾ ഓർമപ്പെടുത്തുന്നു
ജീവിതം വെറുമോരാവർത്തനം
ഇന്ന് നീ നേടുന്നു നാളെ നീ കേഴുന്നു
ഒന്നിനുമില്ല സ്ഥിരതയെന്ന്
കാത്തിരിക്കാം പക്ഷെ ഓർത്തിരിക്കുക
വന്നെത്തുമെല്ലം നിന്നിലെക്കെന്നാലും
വന്നപോൽ പൊകുമതൊക്കെ , പക്ഷെ-
നിൻ ചെയ്തികൾ മാത്രം ഓർക്കപെടും

പ്രകാശം പരത്തുക , സ്നേഹിക്കുക
നന്മ വിതറുക, നന്നായിരിക്കുക
ഇത്തിരി വെട്ടമെന്നാലുമാ-
വെട്ടം നയിക്കും ചില ജീവിതത്തെ
ചിലതിൽ നിന്നും പലതിലേക്കും
പലതിൽ നിന്നും പകലിലേക്കും

Sunday 5 May 2013

ചെറ്റാ നന്ദി

ഒരു ഹോട്ടൽ. ചെറുതാണ്. അകത്ത് കയറിയപ്പോൾ രണ്ടു വിദേശികൾ ഇരിക്കുന്നു. നമ്മൾ മലയാളികൾക് വെളുത്ത വിദേശികളൊക്കെ ഇംഗ്ലീഷ്കാരണല്ലോ (ഏഷ്യക്കാരെ ഇതിൽ ഉൾപെടുത്തിയിട്ടില്ല കേട്ടോ ). അതിനാൽ രണ്ടു ഇംഗ്ലീഷ്കാർ ഇരിക്കുന്നു എന്ന് പറയാം. ഈ ചെറിയ ഹോട്ടലിലൊക്കെ ഇവറ്റകൾ കയറുമല്ലേ. അവരുടെ തൊട്ടടുത്ത് തന്നെ ഞാനും ഇരുന്നു. നോക്കുമ്പോ രണ്ടെണ്ണവും ചോറും സാമ്പാറും ആയില പൊരിച്ചതും ഒക്കെ ആയി നാടൻ സദ്യ കഴിക്കുന്നു. ഞാനും ഓർഡർ ചെയ്തു "one rice and fish fry!!! " അവരൊന്നു നോക്കി . ഞാൻ ചിരിച്ചു. ഒരു ഹായ് പറഞ്ഞു. അവരും .
ഭക്ഷണമൊക്കെ കഴിച്ച് ബിൽ കൊടുക്കാൻ നിൽക്കുമ്പോൾ ഞാൻ ആലോചിച്ചു. കടക്കാരന് ഇംഗ്ലീഷ് അറിയുമോ എന്തോ ?? മലയാളികൾക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് അവർ വിചാരിക്കുമോ?? നാണം കേടുത്തുമോ പഹയൻ. അങ്ങനെ നിക്കുല്മ്പോൾ അവർ വന്നു. ഇംഗ്ലീഷ്കാർ. പൈസ കടക്കാരന് നീട്ടികൊണ്ട്  "ചെറ്റാ നന്ദി " എന്നും പറഞ്ഞ് എന്നെ നോക്കി ഒരു ചിരി. ആ ചിരി കണ്ടില്ല എന്ന് നടിച് കൊണ്ട് ഞാൻ  കടക്കാരനെ നോക്കി. ഒരു വളിച്ച ചിരിയോടെ പൈസയും കൊടുത്തു ഞാൻ പറഞ്ഞു " thank you ചേട്ടാ "   

Saturday 4 May 2013

മുഖമില്ലാതെ ജീവിക്കാമതാണ് ഭേദം

ഒരാളെന്നോട് ചോദിച്ചു
ഇതാണോ നിന്റെ മുഖം ???
ഇങ്ങനാണോ നിന്റെ മുഖം???
ചുറ്റുമുള്ളവരുടെ കണ്തീപാറലുകൾ
ഉൽക്ക കണക്കെ ചിതറി തെറിക്കവേ 
എൻ മുഖവും പൂഴ്ത്തി 
ഞാൻ ഓടി ...
പുഴ താണ്ടി കടൽ താണ്ടി
ഒരു അനാഥ ദ്വീപിൽ വെയിലെത്താ-
മരത്തളിരിനടിയിലിരുന്നു ഞാൻ  
പാറകൾ കൊണ്ട് മുഖം മിനുക്കി 
ഓളങ്ങളില്ലാ കുളങ്ങളിലെൻ
മുഖബിംബ പഠനം നടത്തി
ചെത്തി മിനുക്കി പരുക്കനാക്കി
മുഖവും മനസും മസ്തിഷ്കവും 
പിന്നെ മനുഷ്യത്വമാം  മനോവ്യാധികളും 
വായുവിലേറി തിരികെ വരവേ
കരുതി ഞാൻ മുഖം മിനുക്കാനൊരു കഠാര
 തിരികെ എത്തി ഞാൻ നോക്കവേ 
നേരത്തെ കണ്ട ആ മനുഷ്യൻ
കയ്യിലനകേം നാവുകൾ മുഖങ്ങൾ
കണ്ണുകൾ കൈകൾ മസ്തിഷ്കങ്ങൾ
ഹൃദയങ്ങൾ രക്ത ധമനികൾ 
തെരുവിൽ നടന്നു വില്ക്കുന്ന കൂട്ടത്തിൽ
അയാളന്നാക്ഷേപിച്ച എന്റെ പഴയ മുഖവും
ഞാൻ ഒന്ന് നോക്കി എന്റെ പുതിയ  മുഖം
വികൃതമായി വീർത്ത ചില നിയമങ്ങളും
പഴുത്തൊലിക്കും കൊറേ സദാചാര ബോധങ്ങളും
അറുത്തു മാറ്റി ഞാൻ എൻ പുതിയ മുഖത്തെ
മുഖമില്ലാതെ ജീവിക്കാമതാണ് ഭേദം!!!!